കരുവാരകുണ്ട്: ലക്ഷങ്ങള്‍ മുടക്കി പുന്നക്കാട് നിര്‍മിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം കാടുമൂടുന്നു. പുന്നക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളിനും മൈതാനത്തിനും സമീപമാണ് ലക്ഷങ്ങള്‍ മുടക്കി ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം പണിതത്. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടം വെറുതേ കിടന്ന് നശിക്കുകയാണ്.
ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുടക്കി ചുറ്റുമതിലും അനുബന്ധസൗകര്യങ്ങളും ഒരുക്കിയെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയാണ്.2019ല്‍ കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം ഇതുവരെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല.
കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിയും നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി ജില്ലാ സെക്രട്ടറി ഒ.പി ഇസ്മായില്‍ ആവശ്യപ്പെട്ടു.
ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കെട്ടിടത്തിന് സമീപത്ത് തന്നെയാണ്. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സ്വന്തം കെട്ടിടം നിര്‍മിച്ചത്. വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. എന്നാല്‍ കെട്ടിടം ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമായി മാറി.